തുടരന്വേഷണം തടയണം; ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ; എതിർപ്പുമായി ആക്രമിക്കപ്പെട്ട നടി
By സമകാലിക മലയാളം ഡെസ്ക് | Published: 21st February 2022 10:28 AM |
Last Updated: 21st February 2022 10:28 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി രംഗത്തെത്തിയിരുന്നു. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട നടി ഇന്ന് കോടതിയിൽ ഹർജി നൽകിയേക്കും.
ദിലീപിന്റെ കേസിൽ കക്ഷി ചേരാൻ നടി കഴിഞ്ഞദിവസം അനുമതി തേടിയിരുന്നു. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അടക്കം പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുകയാണ്. ഇത് ഏറെ ഗൗരവകരമാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ഹർജിയിൽ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്.
വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ, വിചാരണ നീട്ടിക്കൊണ്ടു പോകാനും കള്ളത്തെളിവുകൾ ഉണ്ടാക്കി തന്നെ കുടുക്കാനുമാണ് തുടരന്വേഷണമെന്ന് ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.