ജെ സി ഡാനിയേല്‍ പുരസ്‌കാര വിതരണം നാളെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 10:12 PM  |  

Last Updated: 21st February 2022 10:12 PM  |   A+A-   |  

JC Daniel Award Ceremony

പി ജയചന്ദ്രന്‍

 

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ജെ സി ഡാനിയേല്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് നാളെ ഗായകന്‍ പി ജയചന്ദ്രന്‍ ഏറ്റുവാങ്ങും. വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ചടങ്ങ്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  26-ാമത് ഐഎഫ്എഫ്‌കെയുടെ  ഫെസ്റ്റിവല്‍ ഡിസൈന്‍ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു,  ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

പുരസ്‌കാര സമര്‍പ്പണത്തെ തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള 'ഭാവഗാന സാഗരം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. വിധു പ്രതാപ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

ചടങ്ങിനു മുന്നോടിയായി 5.30ന് പി ജയചന്ദ്രന്റെ ഗാനങ്ങള്‍ ഡോ.ജോബി മാത്യു വെമ്പാല വയലിനില്‍ വായിക്കും. ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി റാണി ജോര്‍ജ് ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവരും  ചടങ്ങില്‍ പങ്കെടുക്കും.