മെഡിസെപ് ആരോഗ്യ ഇൻഷുറൻസ്: വിവരങ്ങൾ തിരുത്താൻ ഈ മാസം 25 വരെ സമയം 

ഇനി സമയം അനുവദിക്കില്ലെന്നും വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് നൽകിയ വിവരങ്ങൾ തിരുത്താൽ ഈ മാസം 25 വരെ സമയം അനുവദിച്ചു. വിവരങ്ങൾ തിരുത്തി കൃത്യമാക്കി നൽകാൻ ഈ മാസം 25 വരെ വകുപ്പുകൾക്കും ട്രഷറികൾക്കും ധനവകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്. ഇനി സമയം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ക്യാഷ്‌ലെസ്  

ഒരു പോളിസിയിൽ 3 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂ. അടുത്ത മാസം കരാർ ഒപ്പിട്ടു കഴിഞ്ഞാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡാറ്റകൾ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കു സർക്കാർ കൈമാറും. തുടർന്ന് ‍ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ കാർഡുകൾ ലഭ്യമാക്കും. ക്യാഷ്ലെസ് സൗകര്യമാണ് ഒരുക്കുക. അപകടം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ റീഇംബേഴ്സ്മെന്റ് അനുവദിക്കും. ഒരു പോളിസിയിൽ ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ അടുത്ത വർഷത്തേക്ക് മാറ്റാനാകും. ഒ പി ചികിസയ്ക്ക് കവറേജ് ഇല്ല. അതേ സമയം സർവീസിലുള്ള ജീവനക്കാർക്ക് ഒപി ചികിത്സയ്ക്കുള്ള ചെലവ് റീഇംബേഴ്സ്മെൻറായി ലഭിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും.

ഗുണഭോക്താക്കൾ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക - അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിരമിച്ച എംഎല്‍എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com