നവദമ്പതികളെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 02:38 PM  |  

Last Updated: 21st February 2022 02:38 PM  |   A+A-   |  

viswanathan

പ്രതി വിശ്വനാഥന്‍ ടെലിവിഷന്‍ ചിത്രം

 


കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കല്‍പ്പറ്റ സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 

2018 ജൂലായ് ആറിനായിരുന്നു കേസിനാസ്പദമായ ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പൊലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുത്തപ്പോഴാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊലപ്പെടുത്തിയത്. 

വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയായിരുന്നു. കേസില്‍ 2020 നവംബറിലാണ് വിചാരണ ആരംഭിച്ചത്.