പരാതി പറയേണ്ടത് പാര്‍ട്ടി ഫോറത്തില്‍; ഫെയ്‌സ്ബുക്ക് പോസ്റ്റ് സംഘടനാവിരുദ്ധം; പ്രതിഭയോട് വിശദീകരണം തേടും

പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ജില്ലാ നേതൃത്വം
യു പ്രതിഭ /ചിത്രം ഫെയ്‌സ്ബുക്ക്
യു പ്രതിഭ /ചിത്രം ഫെയ്‌സ്ബുക്ക്

ആലപ്പുഴ: ഫെയ്‌സ്ബുക്കിലെ പരസ്യവിമര്‍ശനത്തില്‍ എംഎല്‍എ യു പ്രതിഭയോട് സിപിഎം വിശദീകരണം തേടും. പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രതിഭയുടെ പോസ്റ്റ് സംഘടനാവിരുദ്ധമാണ്. പ്രതിഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്നും എംല്‍എയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. 

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിമര്‍ശനവുമായി അഡ്വ. യു. പ്രതിഭ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്''തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലര്‍ക്കെങ്കിലും ഞാന്‍ അപ്രിയയായ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞു. ബോധപൂര്‍വമായി തന്നെ എന്നെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ല. ഏറ്റവും കൂടുതല്‍ വോട്ട്‌ചോര്‍ന്നുപോയത് കായംകുളത്തു നിന്നാണ്.''  പ്രതിഭ കുറിപ്പില്‍ പറയുന്നു.


'എനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍. 2001ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പൂര്‍ണ്ണ മെമ്പറായി പ്രവര്‍ത്തനം ആരംഭിച്ച എനിക്ക്ഇ ന്നും എന്നും എന്റെ പാര്‍ട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..' എന്നാണ് പ്രതിഭയുടെ കുറിപ്പ് അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com