ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങിയ കാര്‍ ലോറിയിലിടിച്ചു; രണ്ടു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 08:53 AM  |  

Last Updated: 22nd February 2022 08:53 AM  |   A+A-   |  

car accident

അപകടത്തില്‍ തകര്‍ന്ന കാര്‍/ ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം : കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം സ്വദേശികളായ ശ്രീജിത്ത് (33), മനോജ് (33) എന്നിവരാണ് മരിച്ചത്. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങി വരുമ്പോഴായിരുന്നു അപകടം. 

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. നെടുമ്പാശ്ശേരിയില്‍ നിന്നും വന്ന കാര്‍ എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

പൊലീസ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടോറസ് ലോറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.