തെങ്ങിന് മുകളിലേക്ക് 'കൂളായി' ഓടിക്കയറി തെയ്യം; വൈറല്‍ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 05:50 PM  |  

Last Updated: 22nd February 2022 05:50 PM  |   A+A-   |  

THEYYAM

തെങ്ങിന് മുകളിലേക്ക് കയറുന്ന തെയ്യത്തിന്റെ ദൃശ്യം

 

കോലത്തുനാട്ടിലെ അനുഷ്ഠാന കലാരൂപമാണ് തെയ്യം. കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യക്കോലങ്ങള്‍ കെട്ടി ആടുന്നത്. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയാണ് തെയ്യക്കാലം. ഇപ്പോള്‍ തെയ്യം തെങ്ങിന്റെ മുകളില്‍ കയറുന്ന അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അനുഷ്ഠാനത്തിന്റെ ശക്തിയും മെയ് വഴക്കവും ഒത്തുചേര്‍ന്ന ഭഗവത് രൂപം എന്ന വിശേഷണത്തോടെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. തെയ്യം തെങ്ങില്‍ കയറുമ്പോള്‍ ഭക്തിപൂര്‍വ്വം ഗോവിന്ദ എന്ന് വിളിച്ച് നാട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തളപ്പ് അടക്കം ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ തെയ്യം തെങ്ങിന് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഏവരെയും അമ്പരിപ്പിക്കുന്നതാണ്. തെങ്ങിന്റെ മുകളില്‍ കയറി തേങ്ങ ഇടുന്നതും വീഡിയോയില്‍ കാണാം. 

മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളുകയും അതിലൂടെ ദേവതയെ പ്രീതിപ്പെടുത്തുകയും തിരിച്ചു ദേവത സമൂഹത്തിന് ഐശ്വര്യവും സമാധാനവും നല്‍കുന്ന വിശ്വാസപ്രക്രിയയാണ് തെയ്യം. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്.