സൂപ്പര്‍ സ്‌പൈഡര്‍മാന്‍; അസ്വാഭാവികമായ പെരുമാറ്റം; ടിജിന്‍ മര്‍ദ്ദിച്ചിട്ടില്ല; പരിക്കേറ്റ രണ്ടരവയസുകാരിയുടെ അമ്മ പറയുന്നു

കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ല. കുറച്ച് നാളായി കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്


കൊച്ചി: തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് കുട്ടിയുടെ അമ്മ.  കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ല. കുറച്ച് നാളായി കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നു. സൂപ്പര്‍ സ്‌പൈഡര്‍മാനെന്ന് പറഞ്ഞ് ജനലിന് മുകളില്‍ നിന്ന് ചാടിയിട്ടുണ്ടെന്നും അപ്പോഴൊന്നും പ്രശ്‌നമില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. 

ടിജിന്‍ ഉള്‍പ്പടെ ആരും കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ല. കുന്തിരിക്കം കത്തിച്ചത് കൈയില്‍ വീണാണ് പൊള്ളലേറ്റത്. പണം ആവശ്യപ്പെട്ടിട്ടുള്ള ശല്യം മൂലമാണ് ഭര്‍ത്താവുമായി അകന്നുതാമസിക്കുന്നത്. അനുജന്റെ മരണത്തെ തുടര്‍ന്ന് ഇന്‍ഷൂറന്‍സ് തുകയുടെ വിഹിതം ആവശ്യപ്പെട്ടു. കുഞ്ഞിനെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അമ്മ പറഞ്ഞു

മകള്‍ക്ക് സാധാരണ കുസൃതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളായി അസാധാരണമായ പെരുമാറ്റമാണ്. ജനലിന്റെ മുകളില്‍ നിന്ന് പലതവണ ചാടിയിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും പറഞ്ഞിട്ടില്ല. പല ദിവസങ്ങളിലുണ്ടായ പരിക്ക് അവസാനം ഒരുമിച്ച് വന്നതാകാം. പനി കൂടിയതോടെ അപസ്മാര ലക്ഷണങ്ങളും കൂടി. ഈ മുറിവിന്മേല്‍ വീണ്ടും മകള്‍ മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറയുന്നു.

അതേസമയം, കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു. വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റി. എങ്കിലും 48 മണിക്കൂര്‍ നിരീക്ഷണം തുടരും. ശ്വാസതടസ്സം കണ്ടാല്‍ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രവ രൂപത്തില്‍ ഭക്ഷണം നല്‍കാനാകുമെന്ന് പ്രതീക്ഷ.

അതിനിടെ, താന്‍ ഒളിവിലല്ലെന്ന് തൃക്കാക്കരയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട രണ്ടരവയസുകാരിക്കും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ പറഞ്ഞു. പൊലീസിനെ ഭയന്നാണ് മാറിനില്‍ക്കുന്നതെന്നും നേരത്തെയുള്ള പരാതിയില്‍ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പറയുന്നത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണെന്നും കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാലാണ് ആശുപത്രിയില്‍ എത്തിക്കാഞ്ഞതെന്നും ആന്റണി പറഞ്ഞു. നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടന്‍ കാണുമെന്നും ആന്റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് ആദ്യം ആശുപത്രിയിലെത്തിച്ചതെന്നും ടിജിന്‍ പറഞ്ഞു.ആന്റണിയാകാം കുഞ്ഞിനെ പീഡിപ്പിച്ചതെന്നായിരുന്നു കുഞ്ഞിന്റെ അച്ഛന്‍  ഇന്നലെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com