പരീക്ഷയിലും മാർക്ക് ഇടുന്നതിലും ഉദാര സമീപനം വേണ്ട; ചോദ്യ പേപ്പർ പാറ്റേൺ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ഫോക്കസ് ഏരിയയിൽനിന്നു 70 ശതമാനവും ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നു 30 ശതമാനവും ചോദ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ നിർദിഷ്ട ചോദ്യപ്പേപ്പർ പാറ്റേൺ ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഫോക്കസ് ഏരിയയിൽനിന്നു 70 ശതമാനവും ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നു 30 ശതമാനവും ചോദ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്.

കോവിഡ് വ്യാപനത്തെത്തുടർന്ന് പഠനരംഗത്തുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുമെന്ന ഉത്തരവ്​ സർക്കാർ പാലിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി ഞാറക്കൽ ഗവ. വൊ​ക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് ഡെന്നി വർഗീസ് അടക്കം ഒരുകൂട്ടം ആളുകൾ നൽകിയ ഹർജികളാണ് ജസ്റ്റിസ്​ അമിത്​ റാവൽ പരിഗണിച്ചത്​. ആകെയുള്ള പാഠഭാഗങ്ങളിൽ 60 ശതമാനം ഭാഗം ഫോക്കസ് ഏരിയയാക്കി നിശ്ചയിക്കാനും ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്ന് തയാറാക്കാനും തീരുമാനിച്ച്​ കഴിഞ്ഞ ഡിസംബർ 16ന്​ സർക്കാർ ഉത്തരവിറക്കിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ അധിക ചോയ്​സ്​ എന്ന നിലയിൽ നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, അധിക ചോയ്​സ്​ അടക്കം ഈ തീരുമാനങ്ങളൊന്നും​ പാലിക്കാതെയാണ്​ ഇപ്പോൾ ചോദ്യപേപ്പർ പാറ്റേൺ നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ആരോപണം.

പരീക്ഷയിലും മാർക്ക് ഇടുന്നതിലും ഉദാര സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഹർജി തള്ളിക്കൊണ്ട്​ കോടതി അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികൾക്കും 100 ശതമാനം മാർക്ക് നൽകുന്നത് വിദ്യാഭ്യാസത്തിൻറെ ഉദ്ദേശ്യ ലക്ഷ്യത്തെ തകർക്കും. ഹർജിയിൽ ആവശ്യപ്പെട്ടതുപോലെ പരീക്ഷ നടത്തുന്നത് നിലവാരത്തകർച്ചക്കിടയാക്കും . മിടുക്കരായ കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങാൻ കഴിയുന്ന തരത്തിലാണ് പരീക്ഷ ചോദ്യപേപ്പറുകൾ തയാറാക്കേണ്ടത്. ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉദാരമായ നിലപാട് സ്വീകരിക്കുന്നത് വരാനിരിക്കുന്ന എൻട്രൻസ് പരീക്ഷകളിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലാവുന്ന സാഹചര്യമുണ്ടാക്കുമെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com