കെപിഎസി ലളിതയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകുന്നേരം അഞ്ചിന് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2022 12:20 PM  |  

Last Updated: 23rd February 2022 12:20 PM  |   A+A-   |  

kpac_lalitha

പൊതു ദര്‍ശനത്തില്‍ നിന്ന്‌

 

ന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 

മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. 

 

അഞ്ചരപ്പതിറ്റാണ്ടുകാലം മലയാളചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായ കെപിഎസി ലളിതയുടെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു.

ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

1970 ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകന്‍. അതിനു ശേഷം സിനിമയില്‍ സജീവമായി. 1978 ല്‍ ഭരതനെ വിവാഹം കഴിച്ചു.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. 

ഭരതന്‍ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1975 (നീലപ്പൊന്മാന്‍), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു