പ്രിയപ്പെട്ടൊരാളെ നഷ്ടമായെന്ന് മമ്മൂട്ടിയും മോഹന്‍ലാലും; അനുശോചിച്ച് പ്രമുഖര്‍

അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് വി ഡി സതീശൻ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെ പി എസി ലളിതയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖര്‍. പ്രിയപ്പെട്ടൊരാളെ നഷ്ടമായെന്ന് മമ്മൂട്ടി അനുസ്മരിച്ചു. നടന്‍ മോഹന്‍ലാലും ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മോഹന്‍ലാല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നഷ്ടമായത് സ്വന്തം ചേച്ചിയെയാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. 

അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമമാക്കിയ നടിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയ അഭിനേത്രിയാണ് ലളിത. സ്വാഭാവിക അഭിനയത്തിന്റെ പാഠശാലയാണെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച്‌ പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  മധ്യതിരുവിതാംകൂറിലെ ടിപ്പിക്കൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ കെപിഎസി ലളിതയെ വെല്ലാൻ ആർക്കും കഴിയുമായിരുന്നില്ല.മലയാള സിനിമയ്ക്ക് ഈ വിയോഗം വലിയൊരു നഷ്ടം തന്നെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറിയെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സംസ്‌കാരം ഇന്ന് വൈകീട്ട്

അന്തരിച്ച കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ വൈകീട്ട് അഞ്ചുമണിയ്ക്കാണ് സംസ്‌കാരം നടക്കുക. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. രാവിലെ എട്ടു മുതല്‍ 11.30 വരെയാണ് പൊതുദര്‍ശനത്തിന് വെയ്ക്കുക. 

തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. തൃപ്പൂണിത്തുറയില്‍ മകന്‍, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com