സ്ത്രീ വിരുദ്ധ പരാമർശം: ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സി പി  മാത്യു പ്രതികരിച്ചു
സിപി മാത്യു/ ഫെയ്സ്ബുക്ക് ചിത്രം
സിപി മാത്യു/ ഫെയ്സ്ബുക്ക് ചിത്രം

ഇടുക്കി: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്റെ പരാതിയിലാണ് ഇടുക്കി പൊലീസ് കേസെടുത്തത്. 

കേസിൽ രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന രാജി ചന്ദ്രനെതിരെ ഇന്നലെ  യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സിപി മാത്യുവിൻ്റെ വിവാദ പരാമർശം. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നും മാത്യു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല.  തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം എതിരാളികൾക്കെതിരെ പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയാണ്.  കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി പി  മാത്യു പ്രതികരിച്ചു. വിവാദ പ്രസംഗത്തിൽ സി പി മാത്യുവിനെതിരെ പരാതി നൽകുമെന്ന് സിപിഐഎമ്മും, രാജി ചന്ദ്രനും പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com