വ്യാജ സ്വര്‍ണം പണയം വച്ച് ബാങ്കില്‍നിന്ന് 14 ലക്ഷം തട്ടി, ഗോവയിലേക്കു മുങ്ങിയ പ്രതി പൊലീസ് പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 24th February 2022 11:29 AM |
Last Updated: 24th February 2022 11:29 AM | A+A A- |

നിഷാദ്
തൃശൂര്‍: വ്യാജ സ്വര്‍ണം പണയം വച്ച് തൃശൂര്‍ നഗരത്തിലെ പ്രമുഖ ബാങ്കില്‍ നിന്നും പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ആളെ വെസ്റ്റ് പൊലീസ് പിടികൂടി. ആലുവ സ്വദേശി നിഷാദ് ആണ് പിടിയിലായത്.
2021 ആഗസ്റ്റിലാണ് പ്രതി സ്വര്‍ണമെന്ന് തോന്നിപ്പിക്കുന്ന ലോഹം ബാങ്കില്‍ പണയം വയ്ക്കുന്നത്. സ്വര്‍ണം വ്യാജമെന്നറിഞ്ഞ ബാങ്ക് മാനേജരുടെ പരാതി പ്രകാരം തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചേലക്കരയിലും ആലുവയിലും കൂടുതല്‍ ദിവസങ്ങള്‍ ഗോവയിലും മാറി മാറി ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തിലാണ് കണ്ടെത്തിയത്.
ആലുവയിലെത്തിയ പ്രതിയെ വെസ്റ്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ വിനയന്‍,സിപിഒമാരായ ആഭീഷ് ആന്റണി,അനില്‍ കുമാര്‍, സനൂപ് ശങ്കര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.