ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവം; ​ഗുണ്ട കൊല്ലായിൽ അജേഷ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 04:14 PM  |  

Last Updated: 25th February 2022 04:14 PM  |   A+A-   |  

tvm_murder4

കൊല്ലപ്പെട്ട അയ്യപ്പന്‍, കൊലയാളി അജേഷിന്റെ സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് കൊല്ലായിൽ അജീഷ് ഭവനിൽ അജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകമുണ്ടായത്. 

തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ മാരകായുധവുമായി എത്തിയ അജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. കസേരയിൽ ഇരുന്ന അയ്യപ്പനെ തലയിൽ പിടിച്ച് മേശയിൽ ചേർത്തു കിടത്തി തുടരെ വെട്ടുകയായിരുന്നു.

ആറ്റിങ്ങൽ കോരാണിയിൽ നേരത്തെ ഭാര്യയുടെ കാമുകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ് അജേഷ്. മൂന്ന് മാസം മുമ്പ് ലോഡ്ജിലെ ജീവനക്കാരനുമായി വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. അടിപിടി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കൊലപാതകം നടന്ന സമയത്ത് ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. 

നെടുമങ്ങാട് കല്ലിയോട് ആനായി കോണത്ത് ഒരു പാലത്തിലിരിക്കുകയായിരുന്ന ഇയാളെ മഫ്ടിയിലെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുമങ്ങാട് സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 12.30നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.