സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം: ശിലാസ്ഥാപനം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2022 09:11 AM |
Last Updated: 25th February 2022 09:11 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതുതായി നിർമ്മിക്കുന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്‌ഥാപനം ഇന്ന് നടക്കും. വൈകീട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ശിലാസ്‌ഥാപനം നിർവഹിക്കും.
എ കെജി സെന്ററിന്റ സമീപത്തെ ഗ്യാസ് ഹൗസ് ജംഗ്‌ഷനിൽ സിപിഎമ്മിന്റെ ഉടമസ്‌ഥതയിലുള്ള 32 സെന്റ് സ്‌ഥലത്താണ് പുതിയ ഓഫീസ് നിർമ്മിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും എകെജി സെന്ററിലാണ് ചേരുന്നത്. എകെജി സെന്ററിന്റെ ഉടമസ്ഥത എകെജി പഠനഗവേഷണ കേന്ദ്രം ട്രസ്റ്റിന്റെ പേരിലാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പഠനഗവേഷണകേന്ദ്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനകമ്മിറ്റി ഓഫീസിനായി പുതിയ സ്ഥലം തേടിയത്.
സിപിഎം ഓഫീസിനായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ കഴിഞ്ഞ സെപ്തംബർ 25ന് 2391 / 2021 എന്ന നമ്പരിൽ സ്ഥലം രജിസ്റ്റർ ചെയ്തിരുന്നു.