കാമുകനൊപ്പം ജീവിക്കാന്‍ കരു നീക്കി; വാഹനം ഇടിച്ചോ, സയനൈഡ് നല്‍കിയോ കൊല്ലാന്‍ പദ്ധതിയിട്ടു; ബൈക്കിലുള്ളത് എന്താണെന്ന് പോലുമറിയാതെ ഭര്‍ത്താവ്

എംഡിഎംഎ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗള്‍ഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തി
അറസ്റ്റിലായ സൗമ്യ എബ്രഹാം
അറസ്റ്റിലായ സൗമ്യ എബ്രഹാം

കട്ടപ്പന: ഭര്‍ത്താവിനെ കുടുക്കാന്‍ വനിതാ പഞ്ചായത്തംഗം ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ചത് കാമുകനൊപ്പം ജീവിക്കാനാണെന്ന് പൊലീസ്. ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ സിപിഎം പ്രതിനിധിയും പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ഭാര്യയുമായ സൗമ്യ എബ്രഹാം (33) ആണ് അറസ്റ്റിലായത്.

കേസില്‍ സൗമ്യയെ കൂടാതെ, ലഹരിമരുന്ന് എത്തിച്ചുനല്‍കിയ കൊല്ലം കുന്നത്തൂര്‍ മൈനാഗപ്പള്ളി വേങ്ങകരയില്‍ റഹിയാ മന്‍സില്‍ എസ് ഷാനവാസ് (39), കൊല്ലം സ്വദേശി മുണ്ടയ്ക്കല്‍ അനിമോന്‍ മന്‍സില്‍ എസ് ഷെഫിന്‍ഷാ (24) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.  

സംഭവവുമായി ബന്ധപ്പെട്ട് സൗമ്യയുടെ കാമുകനും വിദേശമലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രന്‍ (43) അടക്കം രണ്ടുപേരെ പൊലീസ് തിരയുന്നു. സൗദി അറേബ്യയിലുള്ള വിനോദിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഈ മാസം 22 നാണ് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 

എറണാകുളത്ത് വെച്ച് ഗൂഢാലോചന

സൗമ്യയും വിനോദും ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് സുനിലിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്തി ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ഒരു മാസം മുമ്പ് സൗമ്യയെ കാണാന്‍ വിനോദ് വിദേശത്തു നിന്നെത്തി. എറണാകുളത്ത് ആഡംബരഹോട്ടലില്‍ രണ്ടുദിവസം താമസിച്ചാണ് ഇവര്‍ സുനിലിനെ കുടുക്കന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

വാഹനം ഇടിപ്പിച്ചോ, സയനൈഡ് നല്‍കിയോ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു

സുനിലിനെ വാഹനം ഇടിപ്പിച്ചോ, സയനൈഡ് നല്‍കിയോ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഇത് ഉപേക്ഷിച്ചു. തുടര്‍ന്നാണ് മയക്കുമരുന്ന് കേസില്‍പ്പെടുത്തി സുനിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ പരിപാടിയിട്ടത്. ഇതേത്തുടര്‍ന്ന് ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്ന് 45,000 രൂപയ്ക്ക് ലഹരി മരുന്ന് വാങ്ങി വിനോദിന് നല്‍കി. 

മയക്കുമരുന്ന് നല്‍കി, വിനോദ് ഗള്‍ഫിലേക്ക് കടന്നു

ഇത് സൗമ്യ സുനിലിന്റെ ബൈക്കില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് വിനോദിന് അയച്ചു കൊടുത്തു. ഫോട്ടോയും ശബ്ദസന്ദേശവും കൊല്ലത്തുനിന്ന് ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. എംഡിഎംഎ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗള്‍ഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തി. 

ബൈക്കില്‍ എന്താണെന്ന് പോലുമറിയാതെ സുനില്‍

പുകവലി പോലും ശീലമില്ലാത്ത കൂലിപ്പണിക്കാരനായ സുനില്‍ വര്‍ഗീസിന്, പിടിയിലാകുമ്പോള്‍ ബൈക്കിലുള്ളത് എന്താണെന്ന് പോലും കൃത്യമായി അറിയില്ലായിരുന്നു. ഈ അജ്ഞതയാണ് പൊലീസിനെ സംശയത്തിലാക്കിയത്. സുനില്‍ നിരപരാധിയാണെന്നും, ആരോ കുടുക്കാന്‍ ചെയ്തതാണെന്നും പൊലീസിന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ഗൂഢാലോചനയിലേക്ക് വരെ നീണ്ട രഹസ്യപദ്ധതിയുടെ ചുരുളഴിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com