'മലയാളികളിൽ നിന്ന് ദുരിത സന്ദേശങ്ങൾ ലഭിക്കുന്നു'- യുക്രൈൻ രക്ഷാ ദൗത്യം; വിദേശകാര്യ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2022 02:51 PM  |  

Last Updated: 27th February 2022 02:51 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: യുക്രൈൻ യുദ്ധ ഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. 

യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. 

കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും പങ്കുവെച്ചു. ഇത് പരിഹരിക്കാൻ  യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന്  അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി. 

റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദി അറിയിച്ചു.