മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 05:49 PM  |  

Last Updated: 28th February 2022 05:49 PM  |   A+A-   |  

deepu_twenty_201

ഫയല്‍ ചിത്രം

 


കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ പോസ്റ്റമോര്‍ട്ടത്തിന്റെ പ്രഥമിക റിപ്പോര്‍ട്ടില്‍ ദീപുവിന്റെ മരണകാരണം തലയോട്ടിലേറ്റ ക്ഷതമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. എംഎല്‍എ പി വി ശ്രീനിജന് ദീപുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. അതേസമയം പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീപു ട്വന്റി20 പ്രവര്‍ത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്ഐആറില്‍ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സൈനുദീനാണ്. തടയാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ക്ക് നേരെയും പ്രതികള്‍ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്ഐആറില്‍ പറയുന്നു.