തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍; പ്രതിവാര സര്‍വീസ് 79ലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 07:54 PM  |  

Last Updated: 28th February 2022 07:54 PM  |   A+A-   |  

download

ഫയല്‍ ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 1 മുതല്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം 60 ല്‍ നിന്ന് 79 ആയി ഉയര്‍ത്തി. വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ അധിക സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 

ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് 20 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടും. തിരുവനന്തപുരം-ബെംഗളൂരു ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. പ്രവൃത്തിദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. രണ്ടെണ്ണം രാവിലെയും ഒന്ന് വൈകുന്നേരവും ആയിരിക്കും. 

കണ്ണൂരിലേക്കും കൊച്ചിയിലേക്കും ദിവസവും സര്‍വീസ് ഉണ്ടാകും. നേരത്തെ ഇത് ആഴ്ചയില്‍ 4 ആയിരുന്നു. ഇത് കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായകരമാകും. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ തുടരും. നേരത്തെ ആരംഭിച്ച ഏതാനും സര്‍വീസുകള്‍ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.വേനല്‍ക്കാല ഷെഡ്യൂളില്‍ ഡല്‍ഹി, പൂനെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും.