
കൊച്ചി: പറവൂരില്‍ വിസ്മയ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന്റെ മൊഴി പുറത്ത്. വിസ്മയയെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും വടിയില്‍ തുണിചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിയുകയുമാണ് ചെയ്തതെന്ന് ജിത്തു പൊലീസിനോട് പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള ജിത്തുവിനെ മുറിയില്‍ കെട്ടിയിട്ടിട്ടാണ് മാതാപിതാക്കള്‍ സംഭവദിവസം പുറത്തുപോയത്. ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിസ്മയ അനുജത്തിയെ കെട്ടഴിച്ച് സ്വതന്ത്രയാക്കിയത്.
പുറത്തിറങ്ങിയ ശേഷം സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായി. വിസ്മയയെ കത്തി എടുത്ത് കുത്തി. നിലത്തുവീണപ്പോള്‍ സെറ്റിയുടെ ഇളകിയ കൈപ്പിടി ഉപയോഗിച്ച് അടിച്ചു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്നും ജിത്തു പറഞ്ഞു. വീട്ടില്‍ താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നലാണ് സഹോദരിയെ വകവരുത്തുന്നതിലേക്ക് നയിച്ചതെന്നും ചോദ്യംചെയ്യലില്‍ ജിത്തു പൊലീസിനോട് വെളിപ്പെടുത്തി.
മതില്‍ചാടി പുറത്തെത്തി
കൃത്യത്തിനു ശേഷം വീടിന്റെ മതില്‍ചാടിയാണ് പുറത്തെത്തിയതെന്നും ജിത്തു വ്യക്തമാക്കി. അറസ്റ്റിലായ ജിത്തുവിനെ സംഭവം നടന്ന പെരുവാരം പനോരമ നഗറിലെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി, കൊലനടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു. ശിവാനന്ദന്റെയും ജിജിയുടെയും മൂത്തമകളാണ് കൊല്ലപ്പെട്ട വിസ്മയ. 28 ന് വൈകീട്ടാണ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജിത്തുവിനെ കോടതി 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
കൊലയിലേക്ക് നയിച്ചത് ഒറ്റപ്പെട്ടെന്ന തോന്നല്‍
അച്ഛനും അമ്മയ്ക്കും വിസ്മയയോടാണ് കൂടുതല്‍ സ്‌നേഹമുള്ളതെന്ന തോന്നലായിരുന്നു ജിത്തുവിന്. മുമ്പ് രണ്ടുതവണ ജിത്തുവിനെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തിയപ്പോള്‍ താന്‍ ഇനി വീട്ടിലേക്ക് പോകില്ലെന്ന് വാശിപിടിച്ചിരുന്നു. തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പൊലീസ് അന്ന് യുവതിയെ എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ആക്കി മടങ്ങി. പിന്നീട്, അമ്മ ജിജി കോടതി ഉത്തരവിലൂടെയാണ് മകളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പെട്ടെന്ന് പ്രകോപിതയാകുന്നതായിരുന്നു ജിത്തുവിന്റെ പ്രകൃതം. അതിനാല്‍ ജിത്തുവിനെ മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ വീട്ടില്‍ കെട്ടിയിടുക പതിവായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates