'പൊലീസ് സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്നു; പി കെ ശശിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പരിഗണന': സിപിഎം പാലക്കാട് സമ്മേളനത്തില്‍ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 05:23 PM  |  

Last Updated: 01st January 2022 05:23 PM  |   A+A-   |  

cpm_palakkad

സമ്മേളനത്തില്‍ പി കെ ശശി സംസാരിക്കുന്നു/ ഫെയ്‌സ്ബുക്ക്‌

 

പാലക്കാട്: സിപിഎം ജില്ലാ സമ്മേളനത്തില്‍ പൊലീസിന് എതിരെ വിമര്‍ശനം. സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. പൊലീസിന്റെ സമീപനം ശരിയല്ല. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സാധാരണ മറ്റ് നേതാക്കന്‍മാര്‍ക്ക് ഇല്ലാത്ത പരിഗണനയാണ് പി കെ ശശിക്ക് ലഭിച്ചത്. കെടിഡിസി ചെയര്‍മാനായപ്പോള്‍ പി കെ ശശി പത്രത്തില്‍ പരസ്യം നല്‍കിയതിനെയും പ്രതിനിധികള്‍ കുറ്റുപ്പെടുത്തി. 

ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായത്. പല സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പുകേട് കാരണമാണ്. പുതുശ്ശേരി, പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്. 

സംസ്ഥാന കമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ചില നേതാക്കള്‍ ചിലരെ തോഴന്‍മാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.