'ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നു; ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി പാര്‍ട്ടിയുടെ വഴിയേ പോകും'; മുന്നറിയിപ്പുമായി പിണറായി

വിഭാഗീയത ഒുതരത്തിലും അംഗീകരിക്കില്ല
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു

പാലക്കാട്: പാലക്കാട് സിപിഎമ്മില്‍ ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നെന്ന് പിണറായി വിജയന്‍. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളയ്ക്കുന്നതായും കാണുന്നു. വിഭാഗീയ ശ്രമങ്ങളെ ഒുതരത്തിലും അംഗീകരിക്കില്ല. വിഭാഗീയത ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി പാര്‍ട്ടിയുടെ വഴിയേ പോകും. കര്‍ശന നടപടിയാകും ഇതിനുള്ള മറപടിയെന്നും പിണറായി പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിവലെ സംഘടനാ റിപ്പോര്‍ട്ടില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

നേരത്തെ, സമ്മേളന പ്രതിനിധികള്‍ ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ക്ക് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ കടുട്ട ഭാഷയിലുള്ള പ്രതികരണം. 

പൊലീസിനും സംസ്ഥാന നേതൃത്വത്തിനും വിമര്‍ശനം

മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. 
സാധാരണ മറ്റ് നേതാക്കന്‍മാര്‍ക്ക് ഇല്ലാത്ത പരിഗണനയാണ് പി കെ ശശിക്ക് ലഭിച്ചത്. കെടിഡിസി ചെയര്‍മാനായപ്പോള്‍ പി കെ ശശി പത്രത്തില്‍ പരസ്യം നല്‍കിയതിനെയും പ്രതിനിധികള്‍ കുറ്റുപ്പെടുത്തി.

ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായത്. പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പുകേട് കാരണമാണ്. പുതുശ്ശേരി, പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്.

സംസ്ഥാന കമ്മറ്റി അംഗം എന്‍എന്‍ കൃഷ്ണദാസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ചില നേതാക്കള്‍ ചിലരെ തോഴന്‍മാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു. പൊലീസിന്റെ സമീപനം ശരിയല്ല. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com