കോടതിക്ക് മുന്നില്‍ ഗവര്‍ണര്‍ പരിഹാസ പാത്രമാകും; ഇതില്‍ നിന്ന് ഒഴിയാനുള്ള കൗശലം: വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 03:06 PM  |  

Last Updated: 01st January 2022 03:06 PM  |   A+A-   |  

VD Satheesan

വിഡി സതീശന്‍ / ഫയല്‍


തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി സി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായി പുറത്താക്കാനുള്ള നടപടികള്‍ ചാന്‍സലര്‍ എടുക്കണം. എന്നാല്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും ഇത് പറയാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്ന് പറയാനുള്ള അധികാരം ഗവര്‍ണക്ക് ഇല്ല. കേരള നിയമസഭ നിയമമുണ്ടാക്കി കേരളത്തിലെ ഗവര്‍ണക്ക് നിയമപരമായി കൊടുത്തതാണ് ചാന്‍സലര്‍ പദവി. നിയമസഭ ഭേദഗതി വരുത്താതെ ചാന്‍സിലര്‍ക്ക് അതില്‍ നിന്ന് ഒഴിയാന്‍ സാധിക്കില്ല.

ആദ്യം ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് ഒരു കേസ് വന്നു. ആ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വി സിയുടെ പുനര്‍ നിയമനം ശരിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഈ കാര്യം പുറത്ത് തിരുത്തി. രണ്ടാമത് ഡിവിഷന്‍ ബെഞ്ചില്‍ കേസ് വന്നപ്പോള്‍ അദ്ദേഹത്തിന് നോട്ടീസ് വന്നു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടനുസരിച്ച് തെറ്റാണ് എന്ന് വേറൊരു സത്യവാങ്മൂലം നല്‍കണം.

ഹൈക്കോടതിയുടെ മുമ്പില്‍ സിംഗിള്‍ ബെഞ്ചിന്റേയും ഡിവിഷന്‍ ബെഞ്ചിന്റേയും പരസ്പര വിരുദ്ധമായ ഘടക വിരുദ്ധമായ രണ്ട് സത്യവാങ്മൂലം കൊടുത്തു എന്നതിന്റെ പേരില്‍ ഗവര്‍ണര്‍ പരിഹാസ പാത്രമാകും. ഇതില്‍ നിന്ന് ഒഴിയാന്‍ വേണ്ടിയിട്ടാണ് ഈ ചാന്‍സിലര്‍ പദവി ഏറ്റെടുക്കില്ലെന്നും നോട്ടീസ് സര്‍ക്കാരിലേക്ക് നല്‍കണമെന്നും അറിയിച്ചത്. ഇത് അദ്ദേഹത്തിന്റെ കൗശലമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.