ഒമൈക്രോണ്‍ സാമൂഹിക വ്യാപനം കേരളത്തിലില്ല, ജനുവരി പത്തുമുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ്: ആരോഗ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 02:51 PM  |  

Last Updated: 02nd January 2022 02:51 PM  |   A+A-   |  

OMICRON CASES IN KERALA

വീണാ ജോര്‍ജ്, ഫയല്‍

 

പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതല്‍ തന്നെ 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം
നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്താകെ  15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. 

ഇതിനായി അഞ്ച് ലക്ഷം ഡോസ് കോവാക്‌സീന്‍ സംസ്ഥാനത്ത്  എത്തിക്കും. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനെടുക്കാം. കൗമാരക്കാരുടെ വാക്‌സിനേഷന്‍ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ നീല ബോര്‍ഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസീനെടുക്കേണ്ടത്. 

കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇത് സംബന്ധിച്ച് വകുപ്പുതലത്തില്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും രജിസ്‌ട്രേഷനില്‍  ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.