വയനാട് ചുരത്തില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 04:47 PM  |  

Last Updated: 02nd January 2022 04:47 PM  |   A+A-   |  

thamarassery

വയനാട് ചുരം, ഫയല്‍

 

താമരശ്ശേരി: വയനാട് ചുരത്തില്‍ ഇന്ന് രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. എട്ടാം വളവില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ കയറി  കൊക്കയിലേക്കു മറിഞ്ഞ ലോറി നീക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഫറോക്കിലേക്ക് ചോക്ലേറ്റ് ബോക്‌സുമായി വരികയായിരുന്ന ലോറി ഇന്നലെ രാവിലെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട്  സ്വദേശി പള്ളിപ്പാട് പുത്തന്‍കണ്ടത്തില്‍ ഗണേശനെ (44) താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

 തല കീഴായി മറിഞ്ഞ ലോറി മരത്തില്‍ തട്ടി നിന്നതു കാരണം അത്യാഹിതം ഒഴിവായി. ലോറി അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതത്തിരക്ക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നു നിയന്ത്രിച്ചു.  ലോറിയില്‍ ഉണ്ടായിരുന്ന ചോക്ലേറ്റ് പെട്ടികള്‍ ഇന്നലെ വൈകിട്ടോടെ  മാറ്റിക്കയറ്റി.  അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച് കൊക്കയില്‍ നിന്നും കയറ്റാനാണ് തീരുമാനം.