'സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം': പരാതിയുമായി ദിലീപ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 08:48 PM  |  

Last Updated: 03rd January 2022 08:48 PM  |   A+A-   |  

actress assault case

ദിലീപ്, ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക്  ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് സംവിധായകനുമായുള്ള അഭിമുഖത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സ് ആപ്പ് വിശദാംശങ്ങള്‍ പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.

പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത് വിസ്താരം നീട്ടാനാണ്. തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു.നേരത്തെ കേസില്‍ തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ ആവശ്യമായി നടി രംഗത്തുവന്നത്.

കേസില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. 

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത.് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്.