താന്‍ ഒറ്റയാള്‍ പോരാളി; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരും; രമേശ് ചെന്നിത്തല

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇനിയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോരാട്ടം തുടരും
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

തിരുവനന്തപുരം: പാര്‍ട്ടി നിലപാട് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറയുന്നതാണെന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷവും താന്‍ കോണ്‍ഗ്രസിലെ ഒറ്റയാള്‍ പോരാളിയായിരുന്നു. താന്‍ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരും. 

താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്. വി ഡി സതീശന്‍ പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുകയാണ്. അല്ലെങ്കില്‍ ഗവര്‍ണര്‍ നിഷേധിച്ചേനെ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇനിയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോരാട്ടം തുടരും. സര്‍ക്കാരിനെ ഇനിയും തുറന്നുകാട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. 

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞ കാര്യം ശരിയാണെന്നാണോ? മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. സര്‍വകലാശാലകളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചുകൊണ്ട് സര്‍വകലാശാലകളെ സര്‍ക്കാര്‍ അധഃപതിപ്പിച്ചു. 

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ആദ്യം പുറത്തുവിട്ടത് താനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ആര്‍ ബിന്ദു രണ്ട് കത്തുകളാണ് ഗവര്‍ണര്‍ക്ക് അയച്ചത്. താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. പിന്നീട് കത്തുകള്‍ പുറത്തുവന്നപ്പോഴാണ് താന്‍ പറഞ്ഞകാര്യം ശരിയാണെന്ന് വന്നത്. 

ചാന്‍സലര്‍ പദവി ഒഴിയുകയല്ല, രാഷ്ട്രീയഇടപെടലുകളില്ലാതെ സര്‍വകലാശാലകളുടെ സ്വതന്ത്ര സ്വഭാവത്തെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. ഫലത്തില്‍ ഇപ്പോള്‍ സര്‍വകലാശാലകളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ഇതിനിടയിലാണ് ഡി ലിറ്റ് വിവാദം ഉയര്‍ന്നു വന്നത്. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com