മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം: എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 07:29 PM  |  

Last Updated: 03rd January 2022 07:29 PM  |   A+A-   |  

Passenger assaulted on Maveli Express

യാത്രക്കാരനെ മര്‍ദിക്കുന്ന പൊലീസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ എം സി പ്രമോദിന് സസ്‌പെന്‍ഷന്‍. ഇന്റലിജന്‍സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. 

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തതിനു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ചപറ്റിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എഎസ്ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. 

ട്രെയിനിലെ ടിടിഇയുടെ ആവശ്യപ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. ട്രെയിനില്‍ നിന്ന് ഇറക്കുമ്പോള്‍ ചവിട്ടിയത് ഗുരുതരമായ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ടിടിഇ കുഞ്ഞഹമ്മദിനോട് റെയില്‍വെ വിശദീകരണം തേടി. മദ്യപന്‍ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ടിടിഇ റിപ്പോര്‍ട്ട് നല്‍കി. വനിതാ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസ്, യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.