പൊലീസുകാർ ഔദ്യോഗിക സിംകാർഡ് ഉപയോഗിച്ചില്ലെങ്കിൽ വാടക ഈടാക്കും: ഡിജിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 07:21 AM  |  

Last Updated: 03rd January 2022 07:21 AM  |   A+A-   |  

kerala-policedfgf

ഫയല്‍ ചിത്രംതിരുവനന്തപുരം:
പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിംകാർഡുകൾ ഉപയോഗിച്ചില്ലെങ്കിൽ വാടക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി. പൊലീസിന് നൽകിയിട്ടുള്ള ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (സിയുജി) സിം കാർഡുകൾ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച നിർ​ദേശങ്ങളും ഡിജിപി അനിൽകാന്ത് പുറത്തിറക്കി. സർക്കാർ പണം നൽകുന്ന ഔദ്യോഗിക സിംകാർഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. 

സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനിൽ പോവുകയോ ചെയ്യുന്ന എസ്എച്ചഒ, പ്രിൻസിപ്പൽ എസ്ഐ, തുടങ്ങിയ ഉദ്യോഗസ്ഥർ പകരം വരുന്ന ഉദ്യോഗസ്ഥന് സിംകാർഡ് കൈമാറണം. മറ്റ് ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിൽത്തന്നെയാണ് സ്ഥലം മാറ്റമെങ്കിൽ നിലവിലുള്ളത് ഉപയോഗിക്കാം. മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ഒരോ തസ്തികയ്ക്കുമാണ് സിയുജി സിംകാർഡ് അനുവദിച്ചിരിക്കുന്നത്. അതിനാൽ സ്ഥലംമാറുമ്പോൾ ആ തസ്തികയിൽ പകരം വരുന്നയാൾക്ക് സിംകാർഡ് കൈമാറണം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ യൂണിറ്റ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സിം കാർഡ് ഉള്ളവർ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനൽകാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്.  

പൊലീസ് സ്റ്റേഷനുകളിലെല്ലാം സിം കാർഡ് വിതരണംചെയ്തതിന്റെ രജിസ്റ്റർ സൂക്ഷിക്കണം. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതിന് മുമ്പ് സിം തിരികെ ഏൽപ്പിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണം.