മദ്യ ലഹരിയില്‍ കാറോടിച്ചു; ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി; എഎസ്‌ഐ അറസ്റ്റില്‍

മദ്യ ലഹരിയില്‍ കാറോടിച്ചു; ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി; എഎസ്‌ഐ അറസ്റ്റില്‍
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തൃശൂര്‍: മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐ അറസ്റ്റില്‍. മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്‌ഐയായ പ്രശാന്താണ് പിടിയിലായത്. തൃശൂര്‍ കണ്ണാറയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു കാറില്‍.

സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനായി പോയതായിരുന്നു എഎസ്‌ഐയും സുഹൃത്തുക്കളും. അവിടെ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ദമ്പതികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. 

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം എഎസ്‌ഐയും സംഘവും കാര്‍ നിര്‍ത്താതെ പോയി. പിന്നാലെ നാട്ടുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാര്‍ വരുന്നതും ബൈക്കില്‍ ഇടിക്കുന്നതും നാട്ടുകാരില്‍ പലരും കണ്ടിരുന്നു. തെറ്റായ ദിശയിലാണ് കാര്‍ പാഞ്ഞു വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. പട്ടികാട് വച്ചാണ് എഎസ്‌ഐയേയും സംഘത്തേയും നാട്ടുകാര്‍ പിടികൂടിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന് കാര്യമായ തകരാറുകള്‍ സംഭവച്ചിരുന്നു. വാഹനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. 

ഇവരെ തടഞ്ഞു വച്ച ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരമിറിയിച്ചു. പിന്നാലെ സിറ്റി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

എഎസ്‌ഐ പ്രശാന്താണ് മദ്യപിച്ച് വണ്ടിയോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനൊപ്പം മൂന്ന് സുഹൃത്തുക്കളുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും വാഹനാപകടം ഉണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com