ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം; ബിഹാർ സ്വദേശിനിയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 07:23 AM  |  

Last Updated: 04th January 2022 07:23 AM  |   A+A-   |  

binoy kodiyeri

ബിനോയ് കോടിയേരി / ഫയൽ

 

മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് രണ്ടര വർഷം മുൻപ് ബോബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്.  2019 ജൂലൈയിൽ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ  അത് കോടതിയ്ക്ക് കൈമാറുകയായിരുന്നു. ഈ ഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ യുവതി പറയുന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.