യുവാവ് ജീവനൊടുക്കിയ സംഭവം; കാണാതായ പെൺകുട്ടി രാത്രി മുഴുവൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു; കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 12:57 PM  |  

Last Updated: 04th January 2022 01:36 PM  |   A+A-   |  

girl missing

പ്രതീകാത്മക ചിത്രം

 

കോട്ടയം: പ്രണയത്തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി. കുമരകം ചീപ്പുങ്കലിലാണ് യുവാവ് തൂങ്ങി മരിച്ചത്. യുവാവ് മരിച്ചതിന് പിന്നാലെ പെൺകുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലിൽ തളർന്നു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്.

രാത്രി മുഴുവൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. 

ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് യുവാവ് ജീവനൊടുക്കിയത്. പിന്നാലെയാണ് പെൺകുട്ടി ഇവിടെ നിന്ന് ഓടിപ്പോയത്. വെച്ചൂർ അംബികാ മാർക്കറ്റിനു സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ (അഞ്ചുതൈക്കൽ) പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്. സ്ഥലത്ത് നിന്ന് ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പ്രണയം സംബന്ധിച്ച് കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിയത്. ഇവർ നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഒരു മണിക്കൂറിനു ശേഷം നാട്ടുകാരിൽ ചിലർ ഇതുവഴി പോയപ്പോഴാണു തൂങ്ങി മരിച്ച നിലയിൽ ഗോപിയെ കാണുന്നത്. പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാരും കണ്ടിരുന്നു. 

പെൺകുട്ടിയുടെ ബാഗും മൊബൈൽ ഫോണും സ്ഥലത്തു നിന്ന് കിട്ടിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായ തിരച്ചിൽ നടത്തി. അതിനിടെ, വെള്ളക്കെട്ടിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ വെള്ളത്തിലും തിരച്ചിൽ തുടർന്നു. എന്നാൽ രാത്രി വൈകിയും പെൺകുട്ടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് പെൺകുട്ടിയെ സമീപ പ്രദേശത്തു നിന്ന് കണ്ടെത്തിയത്. 

ജീവനൊടുക്കിയ ഗോപിയും പെൺകുട്ടിയും കമിതാക്കളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെയും ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നതായും അതിനാലാകാം ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിൽ യുവാവ് സ്ഥലത്തെത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനം. യുവാവ് മരിച്ചതോടെ ഭയന്നുപോയ പെൺകുട്ടി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നതാണെന്നും കരുതുന്നു. 

അതേസമയം, പകൽ സമയത്ത് പോലും ആളുകൾ കടന്നു ചെല്ലാൻ ഭയക്കുന്ന പ്രദേശത്ത് പെൺകുട്ടി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയ വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.