മോഫിയയുടെ ആത്മഹത്യ; സുഹൈലിന് ജാമ്യമില്ല, മാതാപിതാക്കള്‍ക്ക് ജാമ്യം

ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
മോഫിയ/ഫയല്‍
മോഫിയ/ഫയല്‍

കൊച്ചി: ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഗോപിനാഥ് തള്ളി. സുഹൈലിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുഹൈലിന്റെ മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇല്ല എന്ന് വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നതും കോടതി കണക്കിലെടുത്തു.  ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. 

നാല്‍പ്പത് ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച കോടതി, ഭര്‍ത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കില്‍ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമര്‍ശിച്ചു. 

കഴിഞ്ഞ നവംബറിലാണ് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെ മൊഫിയ ആത്മഹത്യ ചെയ്തത്. പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com