സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; വിവാഹത്തിനും മരണാനന്തര ചടങ്ങിലും 75 പേര്‍; രാത്രികാല കര്‍ഫ്യൂ തുടരില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 04:54 PM  |  

Last Updated: 04th January 2022 05:05 PM  |   A+A-   |  

COVID UPDATES kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

ഒമൈക്രോണ്‍ കേസുകളില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമൈക്രോണ്‍ ബാധിതരാണ് ഉള്ളത്. 

സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക്  രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കി. നിലവില്‍ വാക്സിന്‍ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. 

ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍  ആരോഗ്യവകുപ്പ് പുറത്തിറക്കും.

രാജ്യത്ത് മൂന്നാം തരംഗം

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ധര്‍. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമൈക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമൈക്രോണ്‍ വകഭേദം മൂലമാണെന്ന്് കോവിഡ് വാക്സിന്‍ ദൗത്യസംഘം തലവന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമൈക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. ഒമൈക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയില്‍ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമൈക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.