വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു; മലയാളികള്‍ക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 09:41 PM  |  

Last Updated: 04th January 2022 09:41 PM  |   A+A-   |  

Court

പ്രതീകാത്മക ചിത്രം


ദുബൈ: വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേറ്റ രണ്ടു മലയാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി. രണ്ടുപേര്‍ക്കുമായി 11 ലക്ഷം ദിര്‍ഹമാണ് (2.20 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷെരീഫിനാണ് ആറു ലക്ഷം ദിര്‍ഹം ലഭിക്കുക. ജോലി സംബന്ധമായി യാത്ര ചെയ്യവെ, ദുബൈ ജബല്‍ അലിക്ക് സമീപത്തുവെച്ചാണ് ഇദ്ദേഹം അപകടത്തില്‍പെട്ടത്.

തലക്കും മുഖത്തിനും സാരമായി പരിക്കേറ്റ ഷെരീഫിന്റെ നില ഗുരുതരമായിരുന്നു. ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷരീഫ് സാധാരണ നിലയിലേക്ക് വരാന്‍ ദിവസങ്ങളെടുത്തു. അപകടം മൂലം ഇടതു കണ്ണിന്റെ കാഴ്ചക്ക്? സാരമായി പരിക്കേറ്റിരുന്നു. ചികിത്സ തുടവരെ  കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം ഹര്‍ജിക്കാരന്റെ അപകടം മൂലമുണ്ടായ അവശതകളെ പറ്റി ഡോക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു.

ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് കോടതി വിധി. വിധി വന്ന തീയതി മുതല്‍ ഒമ്പതു ശതമാനം പലിശ സഹിതം ഇന്‍ഷുറന്‍സ് കമ്പനിയോട് നഷ്ടപരിഹാരം നല്‍കാനാണ് വിധി. കോട്ടയം സ്വദേശി കെ ഡി സജിലിന് അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കാനും കോടതി വിധിച്ചു. 2020 ജനുവരിയിലാണ് ഇദ്ദേഹം അപകടത്തില്‍പെട്ടത്. സൈക്കിളില്‍ ജോലിക്ക് പോകുന്നതിനിടെ സജിലിന്റെ ദേഹത്ത് ഷാര്‍ജ സഫീര്‍ മാര്‍ക്കറ്റിനു സമീപത്ത് വെച്ച് പിക്ക് അപ്പ് ഇടിക്കുകയായിരുന്നു.

മുഖത്തും വാരിയെല്ലുകള്‍ക്കും സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഏതാനും പല്ലുകളും നഷ്ടപ്പെട്ടിരുന്നു. ലുലു ഗ്രുപ്പില്‍ ഷെഫ് ആയി ജോലിയെടുക്കുകയായിരുന്നു സജില്‍. കോടതി വിധിയില്‍ സംന്തുഷ്ടരാണെന്നും തൊഴിലുടമയായ ലുലു ഗ്രൂപ്പിന്റെ സഹായം വിസ്മരിക്കാനാവില്ലെന്നും സജില്‍ പറഞ്ഞു.