വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണം, തുടരന്വേഷണം നടത്തണം; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 12:52 PM  |  

Last Updated: 05th January 2022 12:52 PM  |   A+A-   |  

supreme court of india

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. വിചാരണ പൂര്‍ത്തിയാക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച സമയം അടുത്ത മാസം തീരാനിരിക്കെയാണ്, കേരളം അപേക്ഷ നല്‍കിയത്. ദിലീപന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

കേസില്‍ ഫെബ്രുവരി പതിനാറിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന് എതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ അറിയിച്ചു. 

കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യുട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, പ്രതിയായ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്‌തേക്കും. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

പള്‍സര്‍ സുനിയും ദിലീപുമായി ബന്ധം

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ യാത്രകളും ടെലിഫോണ്‍ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്.