കണ്ണൂരിൽ സിൽവർ ലൈൻ സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ, താന്‍ പറഞ്ഞിട്ടല്ലെന്ന് സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 07:41 AM  |  

Last Updated: 05th January 2022 08:19 AM  |   A+A-   |  

silver line project survey stone

പ്രതീകാത്മക ചിത്രം

 

കണ്ണൂർ; സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. കണ്ണൂരിലെ മാടായിപ്പാറയിലാണ് സംഭവം. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട സർവേക്കല്ല് സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിലാണ്. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍  പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സംഭവമുണ്ടായത്. 

അഞ്ചു സർവേക്കല്ലുകൾ എടുത്തുമാറ്റി

ചൊവ്വാഴ്ച വൈകിട്ടാണ് സർവേക്കല്ല് പിഴുതെടുത്തത് ശ്രദ്ധയിൽപ്പെട്ടത്. മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള ഭാഗത്തുള്ള അഞ്ച് കല്ലുകളാണ് ഇത്തരത്തില്‍ എടുത്തുമാറ്റിയത്.സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണ് മാടായിപ്പാറ. സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. പൊലീസ് സഹായത്തോടെയാണു സർവേ പൂർത്തീകരിച്ചത്. സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും. 

ബന്ധമില്ലെന്ന് സുധാകരൻ

ജനുവരി 15 മുതല്‍ കണ്ണൂരില്‍ കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതിഷേധം കല്ല് പിഴുതു കളഞ്ഞത് ആരെന്നു വ്യക്തമല്ല.  വിവരമറിഞ്ഞു പൊലീസ് അന്വേഷണം തുടങ്ങി.സംഭവവുമായി ബന്ധമില്ലെന്ന് സുധാകരൻ വ്യക്തമാക്കി.  തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.