നടിയെ ആക്രമിച്ച കേസ്: സംവിധായകന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 01:47 PM  |  

Last Updated: 06th January 2022 01:47 PM  |   A+A-   |  

DILEEP

കേസിലെ പ്രതിയായ നടന്‍ ദിലീപ് / ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, പ്രതി ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. രഹസ്യമൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു.

പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ വിചാരണക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും നടിയെ ഉപദ്രവിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. 

പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനം. 

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി.

പള്‍സര്‍ സുനിയും ദിലീപുമായി ബന്ധം

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.