ഭാര്യ പണവുമായി വരുമെന്ന് കരുതി; യുവാവിന്റെ 'തട്ടിക്കൊണ്ടുപോകല്‍ നാടകം'; പൊളിഞ്ഞത് ഇങ്ങനെ

ഭാര്യ പണവുമായി വരുമെന്നാണ് കരുതിയതെന്നും ഒരിക്കലും പൊലീസില്‍ പരാതി നല്‍കുമെന്ന് വിചാരിച്ചില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഭാര്യയില്‍നിന്ന് പണം കൈക്കലാക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയ യുവാവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ രാജീവ്‌നഗര്‍ സ്വദേശി അനൂപ് യാദവാണ് പിടിയിലായത്.ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ജനുവരി രണ്ടാം തീയതിയായിരുന്നു സംഭവം. 

അനൂപ് യാദവും ഭാര്യ ദീപികയും ഒരേ കമ്പനിയില്‍ ജോലിചെയ്യുന്നവരാണ്. രണ്ടാം തീയതി വൈകിട്ട് കമ്പനിയുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് സെക്ടര്‍ 29ലേക്ക് പോയത്. എന്നാല്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല. ഇതിനിടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ദീപികയുടെ ഫോണിലേക്ക് വാട്‌സാപ്പ് സന്ദേശം ലഭിച്ചു. അനൂപിനെ തട്ടിക്കൊണ്ടുപോയതാണെന്നും രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നുമായിരുന്നു സന്ദേശം. ഇതോടെ പരിഭ്രാന്തിയിലായ ദീപിക ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

ദീപികയുടെ പരാതി ലഭിച്ചയുടന്‍ വാട്‌സാപ്പ് സന്ദേശം വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ അനൂപിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു ഈ അന്വേഷണത്തിലാണ് മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ മനേസറാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

വിശദമായ ചോദ്യം ചെയ്യലില്‍ ഭാര്യയില്‍നിന്ന് പണം കൈക്കലാക്കാനാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഒട്ടേറെപേരില്‍നിന്നായി അനൂപ് നേരത്തെ പണം കടം വാങ്ങിയിരുന്നു. ഇവര്‍ പണം തിരിച്ചുചോദിച്ചതോടെ യുവാവ് സമ്മര്‍ദത്തിലായി. തുടര്‍ന്നാണ് കടം വീട്ടാനുള്ള പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ഇതിനായി നേരത്തെ മറ്റൊരു സിം കാര്‍ഡ് വാങ്ങിയിരുന്നു. ഈ നമ്പറില്‍നിന്നാണ് ഭാര്യയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. ഭാര്യ പണവുമായി വരുമെന്നാണ് കരുതിയതെന്നും ഒരിക്കലും പൊലീസില്‍ പരാതി നല്‍കുമെന്ന് വിചാരിച്ചില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com