കുതിരാനില്‍ പാറപൊട്ടിക്കല്‍, പരീക്ഷണ സ്ഫോടനം നാളെ; സമ്പൂര്‍ണ ഗതാഗത നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 08:30 PM  |  

Last Updated: 06th January 2022 08:30 PM  |   A+A-   |  

national highway development project

കുതിരാന്‍ തുരങ്കം, ഫയല്‍ ചിത്രം

 

തൃശൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാന്‍ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്ഫോടനം വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സ്‌ഫോടനത്തില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സമ്പൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.സ്ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതല്‍ തുരങ്കത്തിന്റെ എതിര്‍ശം വരെയുള്ള ഭാഗത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.

സ്ഫോടനം നടത്തുന്ന വേളയില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഫോടനത്തിനായി മുന്നോടിയായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കുന്ന അലാറാം മുഴങ്ങും. സ്ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങും. 

ഗതാഗത നിയന്ത്രണം:

സ്‌ഫോടനം നടത്തുന്ന ഉച്ചയ്ക്ക് 2 മണി മുതല്‍ സ്‌ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ ദേശീയപാത 544 കുതിരാന്‍ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം  നിര്‍ത്തിവെക്കുന്നതാണ്. നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.

തൃശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ വഴുക്കുംമ്പാറ ജംഗഷനു മുമ്പും വലിയ ഭാര വാഹനങ്ങള്‍ ചുവന്നമണ്ണ് ജംഗ്ഷനുമുമ്പും നിര്‍ത്തിയിടേണ്ടതാണ്. 

പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങള്‍ വാണിയംമ്പാറ എത്തുന്നതിന് മുമ്പും നിര്‍ത്തിയിടണം. 

എയര്‍പോര്‍ട്ട്, ആശുപത്രി തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ക്കുവേണ്ടി ഈസമയം കുതിരാന്‍ വഴി പോകേണ്ട വാഹനങ്ങള്‍ ദേശീയപാത ഒഴിവാക്കി, സൗകര്യപ്രദമായ മറ്റു റോഡുകളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ അറിയിച്ചു.