'ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കും'- തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും അമ്മയെയും ആരോ​ഗ്യ മന്ത്രി സന്ദർശിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 08:03 PM  |  

Last Updated: 07th January 2022 08:03 PM  |   A+A-   |  

veena

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോട്ടയം: സർക്കാർ ആശുപത്രികളിലെ സുരക്ഷാ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമുക്തഭടൻമാരെ മാത്രമേ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു. 

കോട്ടയത്ത് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെയും അമ്മയെയും മന്ത്രി സന്ദർശിച്ചു. സന്ദർശിച്ച കാര്യം മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നാളെ ഡിസ്ചാർജ് ചെയ്യുമെന്നും മന്ത്രി സന്ദർശന ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു.  

മന്ത്രിയുടെ കുറിപ്പ് 

കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെത്തി അമ്മയേയും കുഞ്ഞിനേയും കണ്ടു. ഇന്നലെ നടന്ന സംഭവത്തെപ്പറ്റി അമ്മയോട് നേരിട്ടന്വേഷിച്ചു. കുഞ്ഞിന്റെ അച്ഛനുമായും സംസാരിച്ചു. മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. സംഭവമറിഞ്ഞ് ഇന്നലെ അമ്മയെ വിളിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർക്കാണ് അന്വേഷണ ചുമതല. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി.

ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തും. ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതാണ്.  ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിർബന്ധമായും ഐഡി കാർഡുകൾ ധരിക്കണം. മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകി.

പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കൾക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്. ഇതോടൊപ്പം നാട്ടുകാരുടെ സഹകരണവുമുണ്ടായി. എല്ലാവർക്കും നന്ദിയറിയിക്കുന്നു.