കുതിരാന്‍ തുരങ്കം; പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഇന്ന്, ഗതാഗത നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 07:50 AM  |  

Last Updated: 07th January 2022 08:32 AM  |   A+A-   |  

KUTHIRAN

കുതിരാന്‍ തുരങ്കം, ഫയല്‍ ചിത്രം


തൃശൂർ: കുതിരാൻ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങാൻ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന്. തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായണ് പരീക്ഷണ സ്ഫോടനം ഇന്ന് നടക്കുന്നത്. 

ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം. പരീക്ഷണം വിജയിച്ചാൽ വരും ദിവസങ്ങളിലും നിയന്ത്രിത സ്ഫോടനത്തോടെ പാറ പൊട്ടിക്കൽ തുടരും. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിർമാണം രണ്ടു മാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം.  ഏപ്രിൽ മാസത്തോടെ രണ്ടാം തുരങ്കവും ​ഗതാ​ഗതത്തിനായി തുറക്കും.  972 മീറ്റർ ദൂരത്തിലാണ് രണ്ടാം തുരങ്കം നിർമിച്ചിരിക്കുന്നത്. 

രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താം. തൃശൂർ പാലക്കാട് റൂട്ടിൽ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്നാണ് ഫയർ ഫോഴ്സിന്റെ റിപ്പോർട്ട്. 

ഗതാഗത നിയന്ത്രണം:

സ്‌ഫോടനം നടത്തുന്ന ഉച്ചയ്ക്ക് 2 മണി മുതല്‍ സ്‌ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ ദേശീയപാത 544 കുതിരാന്‍ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം  നിര്‍ത്തിവെക്കുന്നതാണ്. നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.

തൃശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ വഴുക്കുംമ്പാറ ജംഗഷനു മുമ്പും വലിയ ഭാര വാഹനങ്ങള്‍ ചുവന്നമണ്ണ് ജംഗ്ഷനുമുമ്പും നിര്‍ത്തിയിടേണ്ടതാണ്. 

പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങള്‍ വാണിയംമ്പാറ എത്തുന്നതിന് മുമ്പും നിര്‍ത്തിയിടണം. 

എയര്‍പോര്‍ട്ട്, ആശുപത്രി തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ക്കുവേണ്ടി ഈസമയം കുതിരാന്‍ വഴി പോകേണ്ട വാഹനങ്ങള്‍ ദേശീയപാത ഒഴിവാക്കി, സൗകര്യപ്രദമായ മറ്റു റോഡുകളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ അറിയിച്ചു.