'പോയി വാ നീ...'; വേഴാമ്പലിണകള്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 08:48 PM  |  

Last Updated: 08th January 2022 08:48 PM  |   A+A-   |  

IEGH

ക്യാപ്റ്റന്‍ എ പി എസ് കുമാര്‍ പകര്‍ത്തിയ ചിത്രം


ന്‍മരക്കൊമ്പില്‍ ആണ്‍പക്ഷിയെ കൊക്കുരുമ്മിയിരിക്കുന്ന പെണ്‍ വേഴാമ്പല്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തത്പരനായ തുരുത്തൂര്‍ അപ്പച്ചാത്ത് എ പി എസ് കുമാറിന്റെ ക്യാമറ ഒപ്പിയെടുത്തതാണ് ഈ മനോഹര ചിത്രം. 

പെരിങ്ങല്‍ക്കൂത്ത് വനാന്തര്‍ഭാഗത്ത് രണ്ടുദിവസം ക്യാമ്പ് ചെയ്താണ് സിങ്കപ്പൂര്‍ മെര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായ എ പി എസ് കുമാര്‍ ഈ ചിത്രം പകര്‍ത്തിയത്. 

വേഴാമ്പലുകള്‍ക്ക് ഇണചേരലുകളുടെ നാളുകളാണിത്. ഡിസംബര്‍ കഴിയുന്നതോടെ പെണ്‍ വേഴാമ്പലിന് കൂടിനകത്തേക്ക് കയറേണ്ട സമയമാകും. ജനുവരി മുതല്‍ മൂന്നുമാസം നീളുന്നതാണ് കൂട്ടിലെ വാസം. വലിയ മരങ്ങളുടെ ഉണങ്ങിയ പൊത്തിനുള്ളില്‍ തൂവലുകള്‍ പൊഴിച്ചാണ് കൂടൊരുക്കുക. മുട്ടയിട്ടാല്‍ കൊക്കുമാത്രം പുറത്തുവച്ച് കൂടിന്റെ ദ്വാരമടയ്ക്കും. ഇരയുമായി ആണ്‍പക്ഷി മുടങ്ങായെയെത്തും. 

വാഴച്ചാല്‍ അതിരപ്പള്ളി ഡിവിഷനില്‍ നേരത്തെ മലമുഴക്കി വേഴാമ്പലിന്റെ 66 കൂടുകള്‍ പശ്ചിമഘട്ട വേഴാമ്പല്‍ ഫൗണ്ടേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ജൂണിലാണ് കുഞ്ഞ് പുറത്തെത്തുകയെന്ന് 'വേഴാമ്പലുകളുടെ കൂടും ആവാസ വ്യവസ്ഥയും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന കെ ടി അനിത പറഞ്ഞു.