കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍; ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 05:38 PM  |  

Last Updated: 08th January 2022 05:38 PM  |   A+A-   |  

ksrtc service

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസി തുടങ്ങാനിരിക്കുന്ന സര്‍വീസാണ് ഗ്രാമവണ്ടി.  സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും ഗ്രാമവണ്ടികള്‍ അനുവദിക്കുക. സര്‍വീസിനുള്ള ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ജീവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റപണിയും കെഎസ്ആര്‍ടിസി വഹിക്കും. ഗ്രാമവണ്ടികള്‍ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.

ഗ്രാമവണ്ടിയ്ക്ക് സമാനമായ ബസ് സര്‍വീസാണ് കൊച്ചി കളശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ആരംഭിച്ചത്. ഇവിടേക്ക് ഷട്ടില്‍ സര്‍വീസ് വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. 10 രൂപയാണ് എച്ച്എംടി ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് ചാര്‍ജ്. മെഡിക്കല്‍ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സര്‍വീസിനായി സ്‌പോണ്‍സര്‍ ചെയ്തു. ഇതിലൂടെ 10,000 പേര്‍ക്ക് സൗജന്യ യാത്ര നല്‍കും. ഇത് വേണ്ടാത്തവര്‍ക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ബസ് സര്‍വീസ് തടസ്സമില്ലാതെ നടത്താന്‍ കൂടുതല്‍ പേരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിക്കുന്നതായി ചടങ്ങിനെത്തിയ മന്ത്രി പി രാജീവ് അറിയിച്ചു.