'അമ്മ ചൂടുവച്ചു', അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു; കുഞ്ഞിന്റെ കാൽവെള്ള പൊള്ളിച്ചത് കാട്ടിലേക്ക് ഓടിപ്പോവാതിരിക്കാൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 09:19 AM  |  

Last Updated: 08th January 2022 09:19 AM  |   A+A-   |  

mother_burned_five_years_old

പൊള്ളലേൽപ്പിച്ച കുഞ്ഞുമായി അമ്മ

 

ഇടുക്കി; അമ്മ ചൂടുവച്ചു- അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നിഷ്കളങ്കമായി അവൻ പറഞ്ഞു. കാലിന് എന്തുപറ്റിയതാണ് എന്ന പൊലീസിന്റേയും നാട്ടുകാരുടേയും ചോദ്യത്തിനുള്ള അഞ്ചു വയസുകാരന്റെ മറുപടി ഇങ്ങനെയായിരുന്നു. കുഞ്ഞിനെ എടുത്തിരുന്ന അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്റെ തെറ്റ് ഏറ്റു പറഞ്ഞത്. 'കുസൃതി കൂടുതലാണ്. കാട്ടിലേക്ക് ഓടിപ്പോകാതിരിക്കാൻ ചൂടുവെച്ചത്. സംഭവിച്ചുപോയി'. 

സ്റ്റീൽ തവി ചൂടാക്കി പൊള്ളിച്ചു

ഇന്നലെയാണ് അഞ്ചു വയസുകാരനോടുള്ള അമ്മയുടെ ക്രൂരത പുറത്താവുന്നത്. കുട്ടിയുടെ രണ്ട് കാൽവെള്ളയിലും ദേഹത്തും അമ്മ പൊള്ളലേൽപ്പിക്കുകയായിരുന്നു. സ്റ്റീൽ തവിയുടെ അ​ഗ്രം അടുപ്പിൽ വച്ച് ചൂടാക്കിയാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. ഇടതു കാൽപാദത്തിലും ഇടുപ്പിലും പൊള്ളലേറ്റ ഭാ​ഗത്ത് പഴുപ്പ് ബാധിച്ചതിനാൽ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. 

കുഞ്ഞിനെ പൊള്ളിച്ചത് നാലു ദിവസം മുൻപ്

ശാന്തൻപാറ പേത്തോട്ടിയിലാണ് സംഭവമുണ്ടായത്. തമിഴ്വംശജയായ തോട്ടം തൊഴിലാളികളുടെ കുഞ്ഞിനാണ് പൊള്ളലേറ്റത്. അച്ഛനും അമ്മയും തോട്ടത്തിൽ ജോലിക്കു പോകുമ്പോൾ കുട്ടി വീടിനു സമീപത്തുള്ള കാട്ടിലേക്ക് ഓടിപ്പോകുമായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ പൊള്ളിച്ചത്. നാലു ദിവസം മുൻപ് കുഞ്ഞിനെ പൊള്ളിച്ച ശേഷം ഇവർ കുടുംബസമേതം തമിഴ്നാട്ടിൽ പോയി. ഇന്നലെയാണ് തിരിച്ചെത്തിയത്. കുട്ടിയെ വീടിനു പുറത്ത് കാണാതിരുന്നതോടെ സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് കാൽപാദത്തിന് പൊള്ളലേൽപ്പിച്ചതിനാൽ നടക്കാനാവില്ലെന്ന് അറിയുന്നത്. തുടർന്ന് സമീപവാസികളാണ് ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിച്ചത്.