മുഖ്യമന്ത്രിക്ക് എതിരെ കൊലവിളി മുദ്രാവാക്യം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, 500പേര്‍ക്ക് എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 03:09 PM  |  

Last Updated: 08th January 2022 03:09 PM  |   A+A-   |  

bjp-659696

പ്രതീകാത്മക ചിത്രം


തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 500 പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്.

'കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി പങ്കുവച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

ഇതിന് പിന്നാലെയാണ് നടപടിയുമായി പൊലീസ് രംഗത്തെത്തിയത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ എസ് വിനോദ്, ജില്ലാ ഉപാധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.