ആശിച്ചു വീടുവെച്ചിട്ട് രണ്ടുവര്‍ഷം മാത്രം; വീടിനോട് ചേര്‍ന്ന് ധീരജിന് സ്മാരകം, കുടുംബത്തെ സിപിഎം ഏറ്റെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 09:49 PM  |  

Last Updated: 10th January 2022 09:49 PM  |   A+A-   |  

dheeraj

കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്‌


കണ്ണൂര്‍: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും. ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങും. ഇവിടെ മൃതദേഹം സംസ്‌കരിക്കും. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയും. ധീരജിന്റെ ജന്‍മനാടായ തളിപ്പറമ്പില്‍ നാളെ നാലുമണിക്ക് ശേഷം സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ക്യാമ്പസില്‍ ചേര്‍ന്നതിന് ശേഷമാണ് ധീരജ് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാകുന്നത്. നാട്ടില്‍ സജീവ രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. കണ്ണൂര്‍ തൃച്ചംബരം വട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അചഛനും ഒരു സഹോദരനുമാണ് വീട്ടിലുള്ളത്. അച്ഛന്‍ എല്‍ഐസി ജീവനക്കാരനും അമ്മ ആയുര്‍വേദ ആശുപത്രി നഴ്‌സുമാണ്. 

ഇവര്‍ സ്വന്തമായി വീട് വെച്ചിട്ട് 2 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മൂന്ന് വര്‍ഷമായി പഠനവുമായി ബന്ധപ്പെട്ട് ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു. സംഭവം അറിഞ്ഞ് വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ആശങ്കയിലും ഞെട്ടലിലുമാണ് നാട്ടുകാര്‍. 

'കുത്തിയത് ഞാന്‍തന്നെ'; നിഖില്‍ പൈലിയുടെ കുറ്റസമ്മതം

ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇവര്‍ കെഎസ് യു ഭാരവാഹികളാണ്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് ഇന്ന് കെഎസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. തൃശൂര്‍ സ്വദേശി ടി.അഭിജിത്ത്, അമല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്.

ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. കുത്തേറ്റ ധീരജിനെ ഉടനെ തന്നെ ഒപ്പമുള്ളവര്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു സംഘര്‍ഷവുമില്ലാതെയുള്ള ഏകപക്ഷീയമായ ആക്രമണമാണിത്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി എസ്എഫ്ഐയാണ് ഇടുക്കി എന്‍ജിനീയറിങ് കോളജ് യൂണിയന്‍ ഭരിക്കുന്നത്.

കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാര്‍ഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.