പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന: മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: വധശ്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. വധഭീഷണി കേസ് കള്ളക്കഥയാണെന്നും ദിലീപ് ആരോപിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധപൂര്‍വമായ ഇടപെടലാണ് ഇതിനുപിന്നിലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിച്ചേക്കും. 

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെതിരെ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നാരോപിച്ച് ക്രൈംബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപും സഹോദരന്‍ അനൂപും അളിയന്‍ സൂരജും അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുൻ സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് ഉൾപ്പടെയുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ പ്രതികൾ ​ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എടുത്തത്.  

ഗൂഢാലോചന വീട്ടിൽവച്ച്

ദിലീപ് ഉൾപ്പെടെ ആറ് പ്രതികളാണ് കേസിലുള്ളത്. ആറാം പ്രതിയുടെ പേര് എഫ്ഐആറില്‍ ഇല്ല.  അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. എവി ജോർജിന്റെ ദൃശ്യങ്ങൾ യു ട്യൂബിൽ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.  തന്റെ ദേഹത്ത് കൈ വച്ച പൊലീസുകാരന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞു. ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു പൗലോസ്, എ വി ജോർജ് എന്നിവർക്കെതിരെ പ്രതികൾ ഗൂഡാലോചന നടത്തിയെന്നും എഫ്ഐആര്‍ പറയുന്നു. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ദിലീപും ബന്ധുക്കളും പ്രതികൾ

വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസെടുത്തിരിക്കുന്നത്. നടൻ ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേർത്തിട്ടുണ്ട്.

അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐ ജി എ വി ജോർജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജൻ, സുദ‍ർശൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്ര കുമാറിന്‍റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com