വിസിയുടെ ഭാഷ ഇതാണോ?; മറുപടി കണ്ട് ഞെട്ടി; രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 01:00 PM  |  

Last Updated: 10th January 2022 01:00 PM  |   A+A-   |  

governor arif muhammed khan

​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി സമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ കേരള വിസിയുടെ മറുപടിയില്‍ താന്‍ ഞെട്ടിപ്പോയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആ ഞെട്ടലില്‍ നിന്നും മുക്തനാകാന്‍ 10 മിനുട്ടോളം എടുത്തു. ഇതാണോ വിസിയുടെ ഭാഷയെന്ന് ഗവര്‍ണര്‍ ചോദിച്ചു. 

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കേരള സര്‍വകലാശാല വിസിക്കെതിരെ ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. ലജ്ജാകരമായ ഭാഷയാണ് വിസി ഉപയോഗിച്ചത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വിസിയുമായുള്ള കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്ന കാര്യം നിര്‍ദേശിച്ചത്. കാലങ്ങളായി കോണ്‍വൊക്കേഷന്‍ നടക്കുന്നില്ല എന്ന വിദ്യാര്‍ത്ഥികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു ചടങ്ങ് നടത്താന്‍ താന്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

കേരള സര്‍വകലാശാല രാജ്യത്തെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലകളിലൊന്നാണ്. അതുകൊണ്ടുതന്നെ ആ ചടങ്ങിലേക്ക് രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യക്തി തന്നെ വരണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് രാഷ്ടപതിയുടെ പേര് നിര്‍ദേശിച്ചത്. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തി അദ്ദേഹത്തെ കൊണ്ടുവരാനാണ് ശ്രമിച്ചത്. 

എന്നാല്‍ തന്റെ നിര്‍ദേശം തള്ളുകയാണ് വിസി ചെയ്തത്. സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ എതിര്‍ക്കുന്നതായി അറിയിച്ചു. ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം തരാന്‍ താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറായില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല. 

സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചാണ് വിസി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ മറ്റാരുടേയോ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം മറുപടി നല്‍കിയത്. ഡിസംബർ 5 നാണ് മറുപടി ലഭിച്ചത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാനായില്ല. തുടര്‍ന്ന് വൈസ് ചാന്‍സിലറെ വിളിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നല്‍കാനാവില്ലെന്ന മറുപടി നല്‍കിയതെന്ന് വിസി അറിയിച്ചു. 

പക്ഷേ സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിര്‍ദേശം പാലിച്ചിരുന്നില്ല.  ചാന്‍സലര്‍ എന്ന നിലയില്‍ എന്നെ ധിക്കരിക്കുകയാണ് ചെയ്തത്. താന്‍ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. താൻ ചാൻസലർ പദവിയിൽ തുടരുകയാണെങ്കിൽ ഇനി അത് പറ്റില്ല. ​കർശന നടപടിയെടുക്കും. ഗവർണറുടെ വിശ്വാസം ഇല്ലാത്ത ഒരാൾക്ക് ആ പദവിയിൽ തുടരാനാകില്ലെന്ന് ​ഗവർണർ പറഞ്ഞു. 

കണ്ണൂർ വിസി പുനർ നിയമനം നിയമവിരുദ്ധമായിരുന്നില്ലെന്നും ​ഗവർണർ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാത്തതായിരുന്നു പ്രശ്നം. സർക്കാർ നൽകിയ മറുപടി അം​ഗീകരിക്കുന്നില്ല. ചാൻസലർ പദവിയിലേക്കുള്ള തിരിച്ചുവരവിൽ കാത്തിരുന്ന് മാത്രം തീരുമാനം. തിരിച്ചുവന്നാൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കും. ആഭ്യന്തര തർക്കങ്ങളിൽ നിന്നും തലയൂരാൻ പ്രതിപക്ഷം തന്നെ കരുവാക്കുകയാണെന്നും ​ഗവർണർ പറഞ്ഞു.