'സാങ്കേതിക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സര്‍വ്വാധിപത്യം'; എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പോസ്റ്റുമായി കെഎസ്‌യു

സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെഎസ്‌യു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് മുന്നേറ്റമെന്ന് കെഎസ്‌യു. ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അവകാശവാദവുമായി കെഎസ്‌യു രംഗത്തുവന്നിരിക്കുന്നത്. 

വയനാട് എഞ്ചിനിറയങ് കോളജ്, പാലക്കാട്, മുട്ടം, കോഴിക്കോട് എഞ്ചിനീയറിങ് കോളജുകള്‍, തിരുവനന്തപുരം സിഇറ്റി കോളജുകളില്‍ തങ്ങള്‍ ജയിച്ചതായി കെഎസ്‌യു ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. 'സാങ്കേതിക സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു സര്‍വ്വാധിപത്യം'എന്ന കുറിപ്പോടെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്. 

അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലനെ പൊലീസ് പിടികൂടിയത്.

പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം 


എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മലപ്പുറത്തും പത്തനംതിട്ടയിലും ഡിവൈഎഫ്ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖല കണ്‍വന്‍ഷന്‍ വേദിക്ക് സമീപമാണ് സംഘര്‍ഷമുണ്ടായത്.

പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വേദിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്.

പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തില്‍, കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചു. നേര്‍ക്കുനേര്‍ നിന്ന പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടു. നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com